Sunday, 3 April 2011

ന്യൂദല്‍ഹി: തെരുവില്‍ ആനന്ദനൃത്തം ചവിട്ടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. ദേശീയ പതാകകളുമേന്തി തെരുവിലിറങ്ങിയ ജനക്കൂട്ടത്തില്‍ പങ്കുചേരാന്‍ സോണിയ പൊടുന്നനെ തീരുമാനിക്കുകയായിരുന്നു. അംഗരക്ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ച തീരുമാനം കൂടിയായിരുന്നു അത്.
   പത്താം നമ്പര്‍ ജനപഥിലെ വസതിയില്‍നിന്ന് വാഹനത്തില്‍ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആന്ധ്ര ഭവന്‍ പരിസരത്തു വന്നാണ് സോണിയ ആഹ്ലാദാരവങ്ങളില്‍ ഭാഗഭാക്കായത്. തുറന്ന വാഹനത്തില്‍ നിറഞ്ഞ ചിരിയോടെ അവര്‍ ജനങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയെ അടുത്തു കണ്ട ആഹ്ലാദത്തിലായിരുന്നു ജനക്കൂട്ടം. അവര്‍ സോണിയക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വാഹനത്തെ പൊതിഞ്ഞു. അതോടെ സുരക്ഷാ കമാന്‍ഡോകള്‍ ശരിക്കും പാടുപെട്ടു.
 ജനക്കൂട്ടത്തിന് അഭിവാദ്യം നേരുക മാത്രമല്ല എല്ലാവര്‍ക്കും ഹസ്തദാനം ചെയ്യാനും സോണിയ താല്‍പര്യമെടുത്തു. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി ജനങ്ങള്‍ക്കൊപ്പം ഇന്ത്യക്കു വേണ്ടി മുദ്രാവാക്യം ഉയര്‍ത്താനും അവര്‍ മറന്നില്ല. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ സുരക്ഷാ സൈനികര്‍ വിരണ്ടു. സോണിയയെ ജനപഥിലേക്കുതന്നെ തിരിച്ചുകൊണ്ടു പോകാനായി അവരുടെ ശ്രമം. എന്നാല്‍, പിന്നെയും കുറെനേരം ആള്‍ക്കൂട്ടത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന ശേഷം മാത്രമാണ് സോണിയ മടങ്ങിയത്.

No comments:

Post a Comment